Tuesday, October 14, 2008

നുറുങ്ങുകള്‍

മുയ്യം രാജന്‍

തുടക്കം

കണ്ണീരിലാണ്‌തുടക്കം...

വേദനയുടെ നദിനീന്തി ക്കടന്ന്ജീവിതത്തിന്റെ

ആഴക്കടലിലെത്തുമ്പോഴേയ്ക്കും

കൈകാലുകള്‍കുഴഞ്ഞു പോയിരുന്നു...

മടക്കം

ഗൃഹാതുരതകളുടെ

പെരുവഴിയിലേയ്ക്കാണ്‌

പഴമതേടിയുള്ള മടക്കയാത്ര

തറവാടെന്ന മുതുമുത്തശ്ശി-

യ്ക്കിപ്പോള്‍പുതു തലമുറക്കാരനായ

ഈ കൊച്ചുമോനെ ഓര്‍മ്മ കാണുമോ...?

^^^

ജനുവരി

ജനുവരിപ്പുലരിയ്ക്കു നേരുന്നു മംഗളം

ജനിസ്മൃതി വിടര്‍ത്തുന്ന സ്നേഹദളം

ജനമാനസങ്ങളെ തരളിതമാക്കിയ ജന്മജന്മാന്തര ഹൃദയ താളം.. ഇതു

ജീവല്‍ സ്പന്ദന മധുര മേളം...

പൊന്നില്‍ കുളിച്ചു പുഷ്പിണിയായി

പുഷ്യരാഗം ചൂടും പുണ്യ ദിനം

പിഞ്ചിളം പൈതലിന്‍ പഞ്ചാര മൊഴിയിലും

പുഞ്ചിരിപ്പാലൂറും സ്വര നിനാദം..

നയനാഭിരാമത്തെ മനോജ്ഞമാക്കിയ

നിരുപമ സൗന്ദര്യ ജീവ പ്രവാഹം..

നീലവാനവും നിറചിരി കണ്‍ക ളാല്‍

‍നവപ്പുലരിയ്ക്കു നേരും പ്രണാമം..!

സുസ്മേര സുമവൃന്ദം സന്തതമൊരുക്കിയ

സുഗമ സംഗീത ഋതു പ്രഭാവം..

സ്വര്‍ഗവും ഭൂമിയ്ക്കു സ്വാഗത മോതിയ

സുകൃതമാം പിറവിതന്‍ സുപ്രഭാതം..!

()()()

ഭക്തിമാര്‍ഗം

കിനാവള്ളിയില്‍ തൂങ്ങിയാടുമ്പോള്‍

സ്വര്‍ഗ കവാടം കണ്ടു.

സ്വര്‍ഗപ്രവേശത്തിനുള്ള ഊഴം കാക്കുമ്പോള്‍

കാവല്‍ ക്കാരനായ ചെകുത്താന്

ഉപചാരം പറയാത്തതിനാണ്‌ എനിക്കീ പിഴ കിട്ടിയത്.

വെട്ടിത്തിളക്കുന്ന എണ്ണക്കു മീതേയുള്ള

നൂല്‍പ്പാലവും അതിനു മേലെയുള്ള നടത്തവും

കൊള്ളിയാനായി കണ്ണിലുടക്കി..

തിളക്കുന്ന എണ്ണയിലേക്കു നിപതിക്കുമ്പോള്‍

കൈത്താങ്ങായി നീണ്ടു വന്നതോ

ചെകുത്താന്റെ കൈകള്‍ . . ?

കുന്തത്തില്‍ കോര്‍ത്ത്

പപ്പടം പോല്‍ പൊള്ളിച്ചെടുക്കുമെന്നു

പേടിച്ചരണ്ടപ്പോളാണ്‌ അരുളപ്പാടുണ്ടായത്:

നിനക്കിപ്പം സ്വര്‍ഗസ്ഥനായ ഭഗവാനെയാണോയിഷ്ടം ...

അതോ, കാവല്ക്കാരനായ എന്നെയോ..?

എന്തുത്തരം പറയണമെന്ന് മിഴിച്ചിരിക്കുബോഴാണു

കിനാവിന്റെ നൂലിഴ പെട്ടെന്നു പൊട്ടിപ്പോയത്.

അങ്ങനെയാണ്‌ ഞാന്‍

ചെകുത്താന്റെ ഉപാസകനും പരമഭക്തനുമായത്.

&*&*&*

റോയാലിറ്റി ഷോ

സുഗുണനെ ഇനി

എന്താക്കിത്തീര്‍ക്കണമെന്ന ചോദ്യത്തിന്‌ രമണനും രാഗിണിക്കും, വൈകിയാണെങ്കിലുമൊരു ഉത്തരം കിട്ടി...അവന്റെ ദുശ്ശാഠ്യങ്ങള്‍ ഈയിടെയായി അടിക്കടി കടമ്പകള്‍ ചാടിക്കടക്കുകയാണ്‌. യുവഹരം. കാലക്കേട്‌. അതുതന്നെ.പഠനകാര്യത്തില്‍ തീരെ താല്‍പര്യമില്ല. ഓരോ സുപ്രഭാതവും സുഗുണന്റെ പുതിയ ദുരാഗ്രഹവുമായിട്ടാണ്‌ പൊട്ടി വിടരുന്നത്‌. അത്‌ സാദ്ധ്യമാക്കിയില്ലെങ്കില്‍ പട്ടിണി, ഒളിച്ചോട്ടം, ആത്‌മഹത്യ...അങ്ങിനെയുള്ള ഭീഷണികളാണ്‌ ഒളിയമ്പുകള്‍...ഏകമകന്‍. അവനെ രാജാവിനെപ്പോലെ വളര്‍ത്തി വലുതാക്കണമെന്ന് മോഹമുണ്ട്‌. പക്ഷേ, അവന്റെ താല്‍പര്യങ്ങള്‍ മറ്റുപലതാണ്‌. എളുപ്പത്തിലുള്ള ധനാഗമനമാര്‍ഗ്ഗങ്ങളാണവന്റെ ലക്ഷ്യം.അകാലത്തില്‍ പൂട്ടിപ്പോയ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു രമണന്‍. ഷഷ്ടിപൂര്‍ത്തിയിലെത്തിയിട്ടും സ്വന്തം നിലനില്‍പ്പിന്റെ തത്രപ്പാടിലാണിപ്പോഴും. കമ്പനി തുറന്നാല്‍ നഷ്ടപരിഹാരമായി നല്ലൊരുതുക കൈവരുമെന്ന ശുഭപ്രതീക്ഷ... നിരവധി രോഗങ്ങള്‍, പ്രാരാബ്ധങ്ങള്‍, ചികിത്സ, മകന്റെ ഉപരി പഠനം അങ്ങിനെ അങ്ങിനെ നൂറായിരം നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌, ജീവിതമാര്‍ഗ്ഗം. മേമ്പൊടിയായി സുഗുണന്റെ ദുര്‍ഗ്ഗുണ സമ്പ്രദായങ്ങളും...-അവനെ നമുക്കു ബാംഗ്ലൂരില്‍

വിട്ട്‌ പഠിപ്പിച്ചാലോ...?അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതെ തിരിഞ്ഞും, മറിഞ്ഞും കിടക്കുന്ന രാഗിണി മകന്‍ പകല്‍ പുറപ്പെടുവിച്ച അന്ത്യശാസനത്തെക്കുറിച്ച്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌. ഇരുപത്തിനാലു മണിക്കൂര്‍ത്തെ അള്‍ട്ടിമേറ്റം.-ആത്മഹത്യ അല്ലെങ്കില്‍ ഒളിച്ചോട്ടം...?-ഇതില്‍ ഏതു വഴിയാണവന്‍ തിരഞ്ഞെടുക്കുക?അതോര്‍ത്തപ്പോള്‍ മനസ്സില്‍ തീയ്യാളി.മൊബൈല്‍, ലാപ്ടോപ്‌, ടു വീലര്‍...ഇപ്പോള്‍ ചെത്തി നടക്കാന്‍ ഒരു ഫോര്‍ വീലറാണവന്റെ ആവശ്യം....! രണ്ടരലക്ഷം രൂപാ...!- വീടു പണയപ്പെടുത്തി അവന്റെ ആഗ്രഹം സഫലമാക്കിയാലോ...?-തിരിച്ചടവോ...? വീടിനായി ലോണെടുത്തതിന്റെ ഗഡു ഇതുവരേയ്ക്കും തീര്‍ന്നിട്ടില്ലല്ലോ മോളേ...-എന്തായാലും നാളെ പുലരും മുമ്പൊരു ഡിസിഷന്‍ വേണം... അല്ലെങ്കില്‍ നമുക്ക്‌ നമ്മുടെ മോന്‍....വിങ്ങിപ്പൊട്ടുന്ന രാഗിണിയെ രമണന്‍ ചേര്‍ത്തുപിടിച്ച്‌ സമാശ്വസിപ്പിച്ചു.രാവിലെ മുതല്‍ മുറിയില്‍ കയറി വാതിലടച്ച്‌ കുത്തിയിരിപ്പാണ്‌ സുഗുണന്‍.തൊടിക്കപ്പുറത്തൂടെ കൂകിപ്പായുന്ന രാത്രി വണ്ടിയുടെ മുരള്‍ച്ച കാതില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ പേടി സടകുടഞ്ഞെണീറ്റു.-നിങ്ങളറിഞ്ഞോ, വേലായുധേട്ടന്‍ ജയറാമിനെ ബാംഗ്ലൂരിലയച്ച്‌ പഠിപ്പിക്കാന്‍ പോക്വാ... മാലിനി വിളിച്ചപ്പം പറഞ്ഞു.-അതിനവന്‍ എട്ടില്‍ മൂന്നാവര്‍ത്തി പൊട്ടിയതല്ലോടീ...അവനിനിയെന്തോന്ന് പഠിക്കാനാ?-കുട്ടികളെ ആടാനും പാടാനും ഒക്കെ പഠിപ്പിക്കുന്ന ഒരു ഷോര്‍ട്ട്‌ ടേം കോഴ്സുണ്ടത്രെ അവിടെ...പഠിക്കാന്‍ സ്വതേ മണ്ടന്മാര്‍ക്കായുള്ള ഒരു ന്യൂ റിഫ്രഷ്‌മന്റ്‌ കോഴ്സാ...സമ്പൂര്‍ണ്ണ പഠന സഹായി.... അത്‌ പഠിച്ചാ ടീവീലൊക്കെ ധാരാളം ചാന്‍സ്‌ കിട്ടൂന്നാ പറയണത്‌...അപ്പോഴാണ്‌ മനസിലൊരു തീപ്പൊരി പാറിവീണത്‌.ഇതിപ്പോ റിയാലിറ്റി ഷോകളുടെ വിളവെടുപ്പ്‌ കാലമാണ്‌...ജയിച്ചു വന്നാല്‍ കോടികളാണ്‌ സമ്മാനത്തുക..! കൂടാതെ വിലകൂടിയ കാറുകള്‍... മോടിയേറിയ ഫ്ലാറ്റുകള്‍, ..നാടുനീളെ ആരാധകര്‍...വളരെയേറെ സ്റ്റാറ്റസുള്ള ഒരു ജീവിതോപാധി... ഭഗവാനേ, അതൊന്നു ക്ലിക്കായെങ്കില്‍...രമണന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.-അതിന്‌ നമ്മുടെ മോന്‌ ആടാനും പാടാനുമൊക്കെ അറിയ്‌വോടീ..-അവന്‍ ബാത്ത്‌ റൂമില്‍ കയറിയാല്‍ ആട്ടോം പാട്ടും തന്നാ...കേട്ടാല്‍ ഏതോ മത്സരത്തിനുള്ള റിഹേര്‍സലാണെന്നേ തോന്നൂ...-എങ്കില്‍ നീ സമാധാനമായിട്ടിനി കിടന്നുറങ്ങിക്കോ...ബാക്കി കാര്യം ഞാനേറ്റു.ഇന്റര്‍നെറ്റും ഇ-മെയിലുമൊക്കെ മഹാന്മാര്‍ ഇതിനായിട്ടല്ലെ കണ്ടുപിടിച്ചത്‌... എസ്സെമ്മ്സ്സിലൂടെ ഏത്‌ മണ്ടശിരോമണിയേയും പ്രഥമസ്ഥാനത്ത്‌ കുടിയിരുത്താം...അതിനായിട്ട്‌ ഒരു യുവനിരതന്നെയിന്ന് ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്‌... ഭാഗ്യമുണ്ടെങ്കില്‍ നമ്മുടെ മോനും കരയ്ക്കണയും.-ഒരു ബാത്‌റൂംസിംങ്ങറിനുപോലും അനായാസം കൈവരിക്കാവുന്ന അത്യപൂര്‍വ നേട്ടം- എ വെറൈറ്റി എന്റര്‍ടൈന്‍മന്റ്‌ പ്രോഗ്രാം...ഉവ്വോ...?-അവനെ സ്പോണ്‍സര്‍ ചെയ്യാന്‍ എത്ര വല്യ കമ്പനികളായിരിക്കും കടന്നു വരിക..അല്ലേ ചേട്ടാ...?രാഗിണി ആകാംക്ഷ കൂറി.-അതെ..തിരുമണ്ടന്മാര്‍ക്കുമുണ്ടാവുമെടീ മഹാന്മാരായി വിലസാനുള്ള ഒരു സ്വപ്ന സൗഭാഗ്യ സുദിനം..!അത്രയും പറഞ്ഞതും രമണന്‍ കിടക്കയില്‍നിന്നും ഒറ്റച്ചാട്ടത്തിന്‌ ടീവിയുടെ മുന്നിലെത്തി; അനല്‍പമായ ആഹ്ലാദത്തോടെ അതിനെ ഉച്ചത്തില്‍ കരയിച്ച്‌, ഗാനത്തിന്റെ താളത്തിനൊത്ത്‌ ആടിപ്പാടാന്‍ തുടങ്ങി...

-------------------------

മുയ്യം രാജന്‍

Kanmadam, T1-20, NCL Colony, Post & Distt. Singrauli, M.P 486 889