Friday, February 12, 2010

മഴ

മനം നൊന്ത മാനംമധുര നൊമ്പരത്താലെഴുതുന്ന കവിത..!

സ്വപ്നഭംഗം

മനസ്സിനെമാനഭംഗപ്പെടുത്തിയതിനാണ്‌സ്വപ്നങ്ങളെ അറസ്റ്റു ചെയ്തത്..!

കുടിക്കടം

കടമെടുത്ത് വീടെടുത്തതിനാലാവണംസ്വന്തം വീടും വീട്ടുകാരും നാട്ടുകാരുമെന്നോട്ഒരു വാടകക്കാരനോടെന്നോണം പെരുമാറുന്നത്..!

കുടിശ്ശിക

ശേഷപത്രം കടബാധ്യതകളുടെ കുന്നാണ്‌.അതടച്ചുതീര്‍ക്കാന്‍ഞാനെന്റെ ജീവിതത്തിന്റെകൊടുമുടിയില്‍ കയറിയിരിക്കുന്നു ..!

ക്ഷണം

നാളെ എന്റെ തല കൊയ്യപ്പെടുകയാണ്‌.

മതക്കോമരമാണ്‌ മുഖ്യ കശാപ്പുകാരന്‍.

വന്നാല്‍ കുടിക്കാന്‍ഒരു കോപ്പ ചുടു ചോര തരാം!

ജനിമൃതികള്‍ജനനത്തിന്റെ കാഹളമാണ്‌ ഉദയംമരണത്തിന്റെ മുറവിളി അസ്തമനവും !ചാനല്‍ചാറ്റ്വരൂ,ആരോമലേനേരമായിചാനല്‍ച്ചോലയില്‍നീരാടിപൈങ്കിളിച്ചില്ലയിലിരുന്ന്പരമ്പര പരദൈവങ്ങളെവാഴ്ത്തുവാന്‍..!

തെണ്ടികള്‍വേദിയില്‍ വിശപ്പിന്റെ വാര്‍ഷികാഘോഷം. വിപുലമായ ചടങ്ങുകളുണ്ടായിരുന്നു. അശരണര്‍ ആര്‍ത്തിരമ്പിയെത്തി. അണിയറയില്‍ ഇടങ്കണ്ണിട്ട ഒരവശനാണത് കണ്ടുപിടിച്ചത്: മുഖ്യ സംഘാടകനായ മാന്യന്‍ പിച്ചപ്പത്രത്തില്‍ നിന്നും കയ്യിട്ടുവാരുന്നു..! " തെണ്ടീ..." എന്ന വിളി തൊണ്ടയോളമെത്തി. വിളിച്ചില്ല. ആ പേരു വിളിച്ച് ഈ തൊഴിലിന്റെ മാന്യത കളയരുതല്ലോ..!

കഥ
ആരോ... മുയ്യം രാജന്‍
"ഒരു
നേര്‍ച്ചയുണ്ട്.."
ഉള്ളിലാണ്‌ ഉരുവിട്ടതെങ്കിലും ഇരുളിന്റെ കയത്തില്‍ നിന്നതാരോ ഏറ്റു പിടിച്ചു.
"നടയടച്ചു കാണുമല്ലോ..നീയെന്തേ ഇത്രേം വൈക്യെ.."
ചുറ്റും കണ്ണോടിച്ചു. ആള്‍ പെരുമാറ്റമെങ്ങുമില്ല. ചടുല താളത്തില്‍ തുടങ്ങി മെല്ലെ പതിഞ്ഞില്ലതാവുന്ന ഒരു കാലൊച്ച. ചൂട്ടാണോ ചുണ്ടിലെരിയുന്ന കനലാണോ ഒരു മിന്നലാട്ടം പോലെ കണ്ണിലുടക്കിയത്..?
ഇരുളാണ്‌ സാക്ഷി.
ഈ വഴി രണ്ടേ രണ്ട് ബസ്സേയുള്ളു. ടൌണ്‍ ഭാഗത്തേക്കുള്ള അവസാന ബസ് ആറരയ്ക്കാണോ ഏഴിനാണോയെന്ന് നല്ല നിശ്ചയമില്ലായിരുന്നു. പ്രധാന റോഡില്‍ നിന്നും ഒരു വിളിപ്പാടകലെയായപ്പോഴേക്കും ബസ് പോകുന്നതിന്റെ മുരള്‍ച്ച കേട്ടു.
കവലയിലെത്തിയപ്പോള്‍ കാവിലേക്കിനി അധിക ദൂരമില്ലെന്ന് അടയാളപ്പെടുത്തുന്ന ബോര്‍ഡ് കണ്ണില്‍ തറച്ചു. കളിയാട്ടത്തിന്റെ വിവരണങ്ങളും തെയ്യത്തിന്റെ ചിത്രവും പതിച്ച ഹോര്‍ഡിങുകള്‍ എല്ലാ കവലകളിലുമുണ്ട്. മടക്ക ബസ്സ് തരപ്പെടുമോ..?
മൈത്രി ഹൌസിങ് കോളനിയിലെ പുതിയ അന്തേവാസിയാണ്‌ ഞാന്‍. ഞാനെന്നു്‌ പറഞ്ഞൂടാ, ഞങ്ങളെന്ന് പറയണം. ഞാനും ഭാര്യ ഗോമതിയും. ജനിച്ചു വളര്‍ന്ന തറവാട് മണ്ണടിഞ്ഞു പോയെങ്കിലും അവിടേക്ക് അധിക ദൂരമില്ലിവിടുന്ന്.
"കൂടെ ഞാനും വരണോ.."
ഗോമതി ചോദിച്ചിരുന്നു.
" ബസ്സ് കിട്ടിയില്ലെങ്കില്‍ ഇരുട്ടത്ത് നിനക്കത്രേം ദൂരംനടക്കാന്പ്രയാസമായിരിക്കും.."
അവള്‍ക്കില്ലാത്ത അസുഖങ്ങളൊന്നുമില്ല, എനിക്കതിനപ്പുറവും.
നീണ്ട പ്രവാസം പതിച്ചു തരുന്ന പ്രധാന സമ്പാദ്യം ഇതൊക്കെ തന്നെയാണ്‌.
സന്ധ്യ കഴിഞ്ഞാല്‍ ഓട്ടോ പോലുംകിട്ടില്ല. റോഡിന്റെ ദുസ്ഥിതി തന്നെ പ്രധാന കാരണം. വഴിവിളക്കുകളില്ലാത്ത ടാറിടാത്ത റോഡ്..കണ്ണൊന്ന്തെറ്റിയാല്‍അഗാധതയിലേക്ക്നിപതിച്ചേക്കാവുന്ന കല്‍വെട്ട് കുഴികളാണ്‌ കോളനിയിലേക്കുള്ള പ്രവേശ കവാടത്തിന്നിരുവശത്തും, ഇരയെ കാത്തിരിക്കുന്ന വന്‍സ്രാവിനെപ്പോലെ വായും പൊളിച്ച്. അതൊരു രക്ഷ കൂടിയാണ്‌. അപരിചതരുടെ ആഗമനവും ശല്യവും കുറയും.
നാട്ടിലെത്തിയതില്‍ പിന്നെ എല്ലാറ്റിനും വേവലാതിയാണ്‌. തികച്ചും മാറി മറഞ്ഞ ജീവിത രീതി. സദാ കൂട്ടില്‍ അടച്ചിട്ട പൈങ്കിളിയെപ്പോലായിപ്പോയിരിക്കുന്നു. ദൂരദേശങ്ങളില്‍ ഭര്‍ത്താക്കന്മാരുമൊത്ത് ചേക്കേറിയ കുട്ടികളുടെയും അവരുടെ കൊച്ചുമക്കളുടേയും കൊഞ്ചലുകള്‍ ടെലിഫോണില്‍ കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന ചെറിയ ആനന്ദം... അതാണിപ്പോള്‍ ഗോമതിയ്ക്കും വലിയ ആശ്വാസം.
നെടും കുത്തായ കുന്നിന്റെ അടിവാരത്തിലാണ്‌ കാവ്.. ചിരപുരാതനമായ കാവാണ്‌. പുതുക്കിപ്പണിഞ്ഞതിനു്‌ ശേഷം നേരില്‍ കണ്ടിട്ടില്ല. നാട്ടില്‍ താമസമായന്ന് മുതല്‍ നിരീക്കുന്നതാണ്‌ ഒന്നിതു വരെ വന്നു പോകണമെന്നു്‌. നേരം ഒത്തു കിട്ടിയില്ല. ഉഗ്രമൂര്‍ത്തികളായ പരദേവതകളേയാണിവിടെ കുടിയിരുത്തിയിരിക്കുന്നത്. മുമ്പ് കാണുമ്പം കാവിനു്‌ മുന്നില്‍ വിശാലമായ പാടശേഖരമായിരുന്നു. അതിനുമപ്പുറം ഒരിക്കലും വറ്റാത്ത സ്നേഹമയിയായ പുഴ.. ജോലി തേടിപ്പോകുന്ന കാലത്ത് ഈ പ്രദേശം കുറുക്കന്മാരുടെ കൂടാരമായിരുന്നു.
ഇടിഞ്ഞു പൊളിഞ്ഞ് താറുമാറായി കിടന്ന ആ കാവിനെയാണ്‌ നാട്ടുകാര്‍ പുനരുധ്ധാരണം ചെയ്ത് നാടിന്റെ ഐശ്വര്യമാക്കി വളര്‍ത്തിയിരിക്കുന്നത്..
നാട് നിരന്തരം അത്യാഹിതങ്ങളാലും ദുര്‍മരണങ്ങളാലും പൊറുതി മുട്ടുമ്പോള്‍ നാട്ടുകാരും കുടുംബാവകാശികളും ജാഗരൂകരായി. തേരാ പാരാ നടന്ന ചെറുപ്പക്കാര്‍ക്കും ഒരരങ്ങായി. കാവുകള്‍ ഭക്തിമാര്‍ഗത്തിന്റെ മാത്രം നിദാനങ്ങളല്ല, ജനസമുച്ചയത്തെ ഒന്നിച്ചു നിര്‍ത്താനുള്ള ഉപാധി കൂടിയാണ്‌..
ഗൃഹപ്രവേശത്തിന്റന്ന് വീട്ടില്‍ മുത്തപ്പന്‍ കോലം കെട്ടിയാടിച്ചപ്പോള്‍ ചെയ്ത അരുളപ്പാടാണ്‌: സമീപ പ്രദേശങ്ങളിലെ ആരാധനാലയങ്ങളില്‍ നേര്‍ച്ചകള്‍ വേണം. നാടിനും വീടിനുമത് ഗുണം വരുത്തും!
റോഡിനിരുവശത്തുമുള്ള കൂറ്റന്‍ കുന്നുകള്‍ക്കിടയില്‍ അരഞ്ഞാണം മാതിരി ഇഴപിരിഞ്ഞു കിടക്കുന്ന ടാറിട്ട റോഡ്.. പരികര്‍മ്മികളൊഴിച്ചാല്‍ കാവിനടുത്ത് ആള്‍പ്പാര്‍പ്പ് കമ്മിയാണ്‌. പ്രാര്‍ഥനയോടെ നിലകൊള്ളുന്ന വിളക്കുകാലുകളിലെ ദീപങ്ങളെ ഒരല്പം മുമ്പാണ്‌ മഴ കെടുത്തി കളഞ്ഞത്. ആരോ കൂടെ നടക്കുന്നുണ്ടോ..?
സംശയം തീര്‍ത്തു കൊണ്ട് ചരല്‍ വാരിയെറിയുന്നത് മാതിരി ഒരു പേമാരി പിന്നാലെ പാഞ്ഞെത്തി, ആര്‍ത്തലച്ച് പെയ്തു.. തലയ്ക്കു മുകളില്‍ ഫോള്‍ഡിങ് കുട കോമാളിയെപ്പോലെ കാറ്റില്‍ ചാഞ്ചാടി. ദേഹമാസകലം നനഞ്ഞു. മുണ്ട് മാടി മുറുക്കിക്കുത്തി. ടോര്‍ച്ചില്‍ നിന്നും ചിന്നിത്തെറിക്കുന്ന വെളിച്ചം മഴച്ചീളുകളെ നൃത്തം ചെയ്യിച്ചു.
തിരുനടയിലെത്തിയപ്പോള്‍ കണ്ണുകള്‍ കരകവിഞ്ഞു. പണ്ട് കണ്ട കാടും പരിസരവുമല്ലിന്ന്. എല്ലാം മാറിപ്പോയിരിക്കുന്നു. കാവിതേച്ച മതിലിനപ്പുറമന്ന് കുണ്ടനിടവഴിയായിരുന്നു. കുറുനരികളും കാട്ടുകോഴിയും സദാ സല്ലപിച്ചിരുന്നിടം.
വിജനതയുടെ വീര്‍പ്പ് ഉള്ളിലടക്കി മൌനം കൊള്ളുകയാണ്‌ പുതിയകാവ്. നെയ്‌വിളക്കുകള്‍ മുനിഞ്ഞു കത്തുന്നുണ്ട്... ഭക്തിയുടെ നിറവില്‍ ഉള്ളിലൂടൊരാന്തല്‍ പാഞ്ഞു പോയി. ഉള്ളില്‍ നേരിയ പേടിയുണ്ട്.
കാല്‍ക്കീഴില്‍ തണുപ്പ് തിണര്‍ത്തു. നിട്ടന്‍ കുന്നിറങ്ങി കുട്ടിക്കാലത്ത് നിരവധി തവണ നടന്ന വഴിയാണിത്, വീരാനിക്ക തോണിയില്‍ കൊണ്ടുവരുന്ന കക്കയും പുഴമീനും വാങ്ങിക്കാന്‍, പട്ടാളത്തില്‍ നിന്നും വരുന്ന മാമനത് വല്യ പഥ്യമായിരുന്നു.
അന്നീ കാവും പരിസരവും അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. സാമൂഹ്യദ്രോഹികളുടെ സ്ഥിരം വാസസ്ഥലം. ശീട്ടുകളി, കള്ളുകുടി, പെണ്ണുപിടി..... പകല്‍ പോലും പേടി മൂലം അധികമാരും വഴി നടക്കില്ല. കാലാന്തരത്തില്‍ പ്രതിഷ്ഠ വരെ മോഷ്ടിച്ച് നാട് കടത്തി.. ! എന്തായാലും അവര്‍ക്കെല്ലാം നല്ലോണം കിട്ടി. അവരില്‍ ചിലരുടെ കുടുംബം തന്നെ വേരറ്റു പോയി. വിശ്വാസം തന്നെയാണ്‌ എപ്പോഴും വലുത്.
തൊഴുതു പിന്തിരിയുമ്പോള്‍ അപശകുനം പോലെന്തോ വിലങ്ങനെ ചാടി.. ഒരു കരിമ്പൂച്ച! അതിന്റെ കണ്ണുകളില്‍ കനല്‍ കത്തിജ്ജ്വലിച്ചു. വല്ലാതെ പേടിച്ചു പോയി. ഏതോ അശരീരികള്‍ ഇപ്പോള്‍ കാതുകളെ വലയം ചെയ്യുന്നുണ്ടോ..?
"കാത്തു രക്ഷിക്കണേ.."
നടയിറങ്ങും മുമ്പ് ഒരിയ്ക്കല്‍ക്കൂടി അഞ്ജലീബധ്‌നായി.
"ഹരിദാസനല്ലെ.."
"അതേ...ആരാ..?"
അടഞ്ഞ ശ്രീകോവിലിലേക്ക് വിശ്വാസം വരാതെ പിന്തിരിഞ്ഞു നോക്കി. ഒന്നുമില്ല. ആരുമില്ല. വെറുതേ തോന്നുന്നതായിരിക്കും...? മണിക്കിണറില്‍ കിടന്നാരോ കൈകാലിട്ടടിക്കുന്നുണ്ടോ..? പരദേവതകള്‍ പള്ളിയുണരുന്നതാണോ..?
കാലിലൂടെ അരിച്ചു കയറുന്ന വിറയല്‍ ശരീരമാസകലം പടര്‍ന്നേറുമ്പോള്‍ പരിസര ബോധം വീണ്ടെടുത്തു : ഇപ്പം നേരമെത്രയായിക്കാണും..?
"നമ്മ്ടെ ആ പഴയ കടങ്ങളൊക്കെ ഒന്ന് തീര്‍ക്കണ്ടെ.. എത്ര കാലായി കണ്ണിലെണ്ണയൊഴിച്ച് ഞാന്‍ കാത്തിരിക്ക്ന്ന്..."
ചുറ്റും ആരേയും കണ്ടില്ല ! മിത്തുകളാണ്‌ നാടിനു്‌ ചൈതന്യം പ്രദാനം ചെയ്യുന്നത്.
കരിന്തിരി കത്തുന്ന തിരിനാളങ്ങള്‍ കണ്ണിലേക്ക് ഇരുളിനെ ആവാഹിപ്പിച്ചു.
"ന്റെ പരദേവതേ..."
നാലടി നടന്നു കഴിഞ്ഞാല്‍ അസഹ്യമായ കിതപ്പാണിപ്പം.
ആകാശത്തിപ്പോള്‍ നിറക്കൂട്ടുകളുടെ പൂരം.. മഴ മാറിയിരിക്കുന്നു. നക്ഷത്രങ്ങള്‍ കണ്‍ നിറയെ ഭൂമിയെ കാണുകയാണ്‌. ഓര്‍മകളുടെ പൂത്തിരിയപ്പോള്‍ മിഴികളില്‍ മെല്ലെ കത്തിപ്പടരാന്‍ തുടങ്ങി..
ഒരു കുടക്കീഴില്‍, ഈ വഴികളിലെല്ലാം ഒപ്പം നടന്നവര്‍..ഒരേ സ്കൂളില്‍, ഒരേ ക്ലാസ്സില്‍, ഒരേ ബെഞ്ചില്‍ പത്താം തരം വരെ ഒപ്പരം പഠിച്ചവര്‍.. സ്വകാര്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വരെ അന്ന് ഒരേ നിറമായിരുന്നു.. ഫൈനല്‍ പരീക്ഷയില്‍ അനന്തന്‍ ദയനീയമായി തോറ്റു..എന്നും രണ്ടാമനായിരുന്ന ഞാന്‍ ക്ലാസ്സില്‍ ഒന്നാമനായി ജയിച്ചു. അതാണ്‌ തന്റെ പരാജയം. ആ തോല്‍വി അവനൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല, എനിക്കും... അതിനു ശേഷം, ഈ മുപ്പത്തിയേഴു വര്‍ഷത്തിന്നിടയില്‍ ഇതു വരെ മുഖാമുഖം കണ്ടിട്ടില്ല...ഒരു തീക്കനല്‍ പോലെ അതെല്ലായ്പ്പോഴും നെഞ്ചിനകത്ത് എരിയുന്നുണ്ട്..എന്നെക്കാളൊക്കെ വലിയവനായി വളരേണ്ട അവനിപ്പോള്‍ തലയ്ക്ക് വെളിവില്ലാതെ..
കരച്ചില്‍ വന്നു മുട്ടി.. എന്നാലും ഒരു നോക്കവനെ കാണാന്‍ കഴിഞ്ഞെങ്കില്‍.. ജരാനര അവനേയും ബാധിച്ചു കാണുമോ..? ഏതോ കാണാമറയത്തിരുന്ന് അവനെല്ലാം കാണുന്നുണ്ടാവും...കാണുന്നുണ്ടാവും...
കുന്നു കയറുകയാണ്‌.. സ്റ്റോപ്പിലേക്കിനിയുമെത്ര കാതം കാണും.? ബസ്സിന്റെ ഒച്ചയാണെന്ന് തോന്നുന്നു.. നടക്കാന്‍ തീരെ വയ്യ. പ്രായത്തിന്റെ തളര്‍ച്ച കാലുകളെ പിന്നിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നു...
അന്തരീക്ഷം വീണ്ടും ഇരുണ്ട് കനത്തു. മഴ കോരിച്ചൊരിയും മുമ്പ് ബസ് ഷെല്‍ട്ടറില്‍ എത്താന്‍ കഴിഞ്ഞാല്‍ നനയാതെ രക്ഷപ്പെടാം..
ഒരു വിധത്തില്‍ ഇഴഞ്ഞ് സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ് മുരണ്ടും കൊണ്ട് കുന്നു്‌ കയറി മറയുന്നത് നിസ്സഹായനായി നോക്കി നിന്നു...
"ആരാ....കണ്ടിട്ട് ഇവിടെയുള്ള ആളല്ലെന്ന് തോന്നുന്നു..."
ശ്വാസം നേരെ വീണപ്പോഴാണ്‌ ബസ് സ്റ്റോപ്പില്‍ ഒരു വന്‍ ജനാവലിതന്നെയുണ്ടെന്ന് മനസ്സിലായത്. കാടു പോലെ മുടിയും താടിയും നീട്ടിയ ആരോ ഒരാള്‍ ചോരയില്‍ കുളിച്ച് ചളിയില്‍ വിറങ്ങലിച്ചു കിടക്കുന്നു.. ഇപ്പം പോയ ബസില്‍ നിന്നും തെറിച്ചു വീണതാണോയെന്നാണു്‌ സംശയം. ആളുകള്‍ കുടയും ടോര്‍ച്ചുമായി പല ഭാഗങ്ങളില്‍ നിന്നായി ഓടി വന്നു കൊണ്ടിരുന്നു...
" ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ..?"
ചോദ്യമിപ്പം എന്റെ നേര്‍ക്കാണ്‌. ഒരു സംശയക്കാരന്‍ മുഖത്തിനു്‌ നേരെ ടോര്‍ച്ച് മിന്നിച്ചു.
"ഞാന്‍.. പുതിയ താമസക്കാരനാണ്‌..ജോലിയില്‍ നിന്നും വിരമിച്ച് നാട്ടില്‍ വന്നിട്ടധികം നാളായിട്ടില്ല.."
ഒച്ച പുറത്ത് വരാത്ത വിധം അടഞ്ഞു പോയിരുന്നു. ശ്വാസമെടുക്കാനാവാതെ വാക്കുകള്‍ പലതവണ മുറിഞ്ഞു. വിശ്വാസം വരാതെ അയാള്‍ എന്നെ തന്നെ തുറിച്ചു നോക്കി. ആള്‌ മൂക്കറ്റം മോന്തിയിട്ടുണ്ട്.
ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ അന്യനായിപ്പോകുന്ന അവസ്ഥ തികച്ചും അസഹനീയമാണ്‌.. ഒരു മാത്ര കാല്‍ക്കീഴില്‍ നിന്നും ഭൂമി ഒലിച്ചു പോകുന്നതു മാതിരി തോന്നി.
കാക്കപ്പട കണക്കെ ആളുകള്‍ ആര്‍ത്തലച്ച് വന്നും പോയും കൊണ്ടിരുന്നു. ആഗ്രഹമുണ്ടായിട്ടും അധികനേരം ആ കാഴ്ചയില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞില്ല..
ഗോമതി വീട്ടില്‍ തനിച്ചാണ്‌..അവളിപ്പം തന്നെ വല്ലാതെ പേടിച്ച് വിരണ്ടിരിക്കുകയാവും..
വളരെ പ്രയാസപ്പെട്ട് കാലുകളെ മുന്നോട്ട് തുഴയുമ്പോള്‍ ആരോ പിറകില്‍ നിന്നും വിളിച്ചു പറയുന്നത് കേട്ടു :
" അതു ഭ്രാന്തനൊന്നുമല്ല.. പണ്ടെങ്ങോ ഒളിച്ചോടിപ്പോയ നമ്മ്ടെ നാട്ടുകാരനാ...... ഇയ്യാളെ ഈ പരിസരത്ത് കാണാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി..പഠിച്ച് പഠിച്ച് തലതെറ്റിയതാന്നാ സംസാരം.."
" ഈശ്വരാ.."
ഇരുട്ടടിയേറ്റപോലെ നിന്ന നില്‍പ്പിലൊന്ന് പുളഞ്ഞു. കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍,തൊണ്ട അത്രയ്ക്കും വരണ്ട് പോവുകയാണ്‌..
യുഗങ്ങള്‍ താണ്ടിയെന്നോണം എങ്ങനെയാണ്‌ വേച്ചുവേച്ച് വീട്ടുമുറ്റത്തെത്തിയതെന്നറിയില്ല ! മഴക്കാലമായിട്ടും ദേഹമാസകലം വിയര്‍ത്തു കുളിച്ചിരുന്നു...
"എന്തു പറ്റീ..എന്തു പറ്റീ..വയ്യെങ്കില്‍ ഞാന്‍ കൈയ്ക്കു പിടിക്കാം.."
"ദാസാ... ദാ...സാ.."
ബോധമറ്റ് വീഴും മുമ്പ് അദൃശ്യതയില്‍ നിന്നാരോ അങ്ങനെ സ്നേഹമസൃണമായി നീട്ടി വിളിയ്ക്കുന്നത് കേട്ടു...
ആരുടേതെന്നറിയുമായിരുന്നിട്ടും ബഹളം നിലച്ച ലോകത്ത് ഇനി ആ ഒച്ചയ്ക്കെന്ത് പ്രസക്തി..?